By
Deepika Chandran, Shibila Fathima, Arya Veerendra.
ക്രിക്കറ്റിനെ സ്നേഹിക്കുന്ന, സച്ചിൻ ടെണ്ടുൽക്കർ എന്നത് ഒരു വികാരമായി കാണുന്ന മലയാളികൾക്ക് മറക്കാനാവാത്ത ഒന്നാണ് 1998 ലെ ഷാർജ കപ്പ് ഫൈനൽ. ഓസീസ് ബോളിങ് പടയെ വിരട്ടിയോടിച്ച സച്ചിന്റെ ആ മനോഹരമായ സെഞ്ച്വറി പിറന്ന അന്ന് തന്നെ അതേ പേരിൽ നമ്മുടെ ഈ കോഴിക്കോട്ടും ഒരു അഡാർ ഐറ്റം ഇറങ്ങിയിരുന്നു. ഷാർജ ഷേക്ക്! അധികമാർക്കും അറിയാത്ത ഈ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
കോഴിക്കോട്ടെ മുട്ടായിത്തെരുവിലുള്ള തന്റെ ജ്യൂസ് കടയിൽ എന്നത്തേയും പോലെ തിരക്കിലാണ് കലന്തൻകോയ എന്ന കോയാക്ക, എപ്പോഴും വെറൈറ്റി പരീക്ഷിക്കുന്ന മൂപ്പർ അന്നൊരു ജ്യൂസ് ഉണ്ടാക്കി, ഞാലിപ്പൂവൻ പഴവും തണുത്ത കട്ടപ്പാലും പഞ്ചസാരയും ഒക്കെ ചേർത്ത് ഒരു പൊളി ഐറ്റം, കോയക്കന്റെ കടയുടെ അടുത്തുള്ള ടി വി ഷോപ്പിൽ ഷാർജ കപ്പ് ഫൈനലിൽ ക്രിക്കറ്റിന്റെ ദൈവം ഓസ്ട്രേലിയയെ പഞ്ഞിക്കിടുകയാണ്, ഷോപ്പിനു മുന്നിൽ നിന്ന് കളി കാണുന്നവരുടെ ഇടയിൽ നിന്നും ജ്യൂസ് കുടിക്കാൻ വന്ന ഒരാൾക്ക് കോയാക്ക അന്നത്തെ സ്പെഷ്യൽ കൊടുത്തു, കുടിച്ച ഉടൻ ” കോയാക്ക പുതിയ ഐറ്റം ഉഷാറായിട്ടുണ്ട്, എന്താ ഇതിന്റെ പേര് എന്ന് ചോദിച്ചപ്പോൾ കോയാക്ക ഒരു സെക്കന്റ് ആലോചിച്ചിട്ടു പറഞ്ഞു, “ഷാർജ ഷേക്ക്”. അന്ന് തന്നെ ഐറ്റം ഹിറ്റായി… പിന്നീടങ്ങോട്ട് ഷാർജ ഷേക്കിന്റെ കാലമായിരുന്നു, മാനാഞ്ചിറയിൽ വൈകുന്നേരങ്ങൾ ആസ്വദിക്കാൻ വരുന്നവരുടെയും, മുട്ടായി തെരുവിൽ പർച്ചേസിനു വരുന്നവരുടേയുമൊക്കെ സ്ഥിരം ഐറ്റമായി കലന്തൻസിലെ കോയക്കന്റെ ആ രുചിയുടെ പരീക്ഷണം മാറി. ഇന്ന് പലയിടത്തും ഷാർജ ഷേക്ക് കിട്ടാനുണ്ടെങ്കിലും കലന്തൻസിലെ ഷാർജ ഷേക്കിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.പതിറ്റാണ്ടുകളായുള്ള പരിഷ്കാരങ്ങൾ ഷാർജ ഷേക്കിന് പുതിയ രൂപങ്ങൾ കൊടുത്തിട്ടുണ്ട്. പഴത്തിനും പാലിനും പഞ്ചസാരയ്ക്കും പുറമേ ബൂസ്റ്റും ബോൺവിറ്റയും കോഫി പൗഡറും ഐസ്ക്രീമും എല്ലാം ഷാർജ ഷേക്കിന്റെ ചേരുവകളായി മാറി. പലരും ഏലവും അത്തിപ്പഴവും തേനും കൂടി ചേർക്കാറുണ്ട്. കശുവണ്ടിയും നിലക്കടലയും ആ നീണ്ട ഗ്ലാസിലെ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഷാർജ ഷേക്കിന്റെ മുകളിൽ ‘കുത്തിയിരിക്കുന്നുണ്ടാവും’ചിലപ്പോൾ.
ഷാർജ ഷേക്ക് ജനിക്കുന്നതിനും എത്രയോ മുൻപ് കോഴിക്കോട്ടുകാരുടെ ഇടയിൽ സ്ഥാനം പിടിച്ച ഒന്നാണ് കലന്തൻസ്. വർഷങ്ങൾക്കു മുൻപ് കോഴിക്കോട് ടൗണിലെ മൊയ്ദീൻ പള്ളിക്കു സമീപം ‘ അമീൻ ജ്യൂസ് ഷോപ്പ് ‘ എന്ന പേരിലാണ് കലന്തൻ കോയ ആദ്യ സംരംഭം തുടങ്ങുന്നത്. പിന്നീട് 1980 ൽ ‘ഇ പി കെ ഫ്രൂട്ട് ആൻഡ് കൂൾ ബാർ’ എന്ന പേരിൽ മാനാഞ്ചിറയിലും പിന്നീട് സ്റ്റേഡിയം ജംഗ്ഷനിലും ‘കലന്തൻസ് ‘ എന്ന പേരിൽ മിഠായിത്തെരുവിലും ബ്രാഞ്ചുകൾ ആരംഭിച്ചു. നൂറ്റാണ്ടുകളായുള്ള മിഠായിതെരുവിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും ഒപ്പം നാല്പത്തെട്ടു വർഷത്തോളമായി ‘കലന്തൻസ് ‘ കോഴിക്കോട്ടുകാരുടെയും അവിടെ എത്തുന്ന മറ്റു മറുനാട്ടുകാരുടെയും ദാഹം തീർക്കാൻ തുടങ്ങിയിട്ട്. കോഴിക്കോടിന്റെ ആദ്യത്തെ ജ്യൂസ് ഷോപ്പ് എന്ന പേരും പെരുമയും കലന്തൻസിനു മാത്രം സ്വന്തം. ഒരുപാട് ജ്യൂസ് ഷോപ്പുകൾ ഇന്ന് കോഴിക്കോട്ടെ ടൗണിൽ ഉണ്ടെങ്കിലും കലന്തൻസിലേക്കു കയറിച്ചെല്ലുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. വേനൽക്കാലത്ത് ഒരു പൂരത്തിനുള്ള ആളുണ്ടാവും കലന്തൻസിലും സഹോദര സ്ഥാപനമായ ഇ പി കെ ഫ്രൂട്ട്സിലും. കയറിവരുന്ന ഒരാളെയും നിരാശയോടെ മടക്കിവിടാറില്ല.മിഠായിത്തെരുവിലെ ഷോപ്പിങ് കഴിഞ്ഞെത്തുന്നവർക്ക് ക്ഷീണമകറ്റാനും കൊച്ചു കുട്ടികളുടെ ദാഹമകറ്റാനും കുടുംബങ്ങൾക്ക് ആസ്വദിച്ച് കഴിക്കാനും ഇവിടെ ഇഷ്ട്ടം പോലെ ഫലൂദയും ഷേക്കുകളും ഐസ് ക്രീമുകളും നീണ്ട ഗ്ലാസ്സുകളിൽ കൂനിക്കൂടിയിരിപ്പുണ്ട്.
കോഴിക്കോടിന്റെ പൊള്ളുന്ന വെയിലിനു കീഴിൽ നടന്നു നീങ്ങുമ്പോൾ ദാഹം തോന്നിയാൽ ഒട്ടും മടിക്കാതെ കലന്തൻസിലേക്കു കയറിച്ചെല്ലാം. പല നിറങ്ങളിലും രുചികളിലും ഷേക്കുകളും ഫലൂദയും വിളമ്പിക്കൊണ്ട് കലന്തൻസ് മിഠായിത്തെരുവിന്റെ പടിവാതിലിൽ തന്നെ കാത്തുനിൽക്കുന്നുണ്ട്.