A Kozhikoden Halwa Story

By

Deepika Chandran, Shibila Fathima, Arya Veerendra

 

‘പച്ചമുളക് ഹൽവ’, കേൾക്കുമ്പോൾ തന്നെ കേൾവിക്കാരന്റെ മനസ്സിൽ ഫ്ലൈറ്റ് പിടിച്ചെത്തുന്ന ഒരുപാട് ചോദ്യങ്ങളുണ്ടാവും. കോഴിക്കോടൻ ഹൽവയ്ക്ക് മധുരം മാത്രമല്ല എരിവും പുളിയും കൂടി സ്വാദ് കൂട്ടുമെന്ന് തെളിയിച്ചത് ‘ശങ്കരൻ’ ആണ്. 100 വർഷത്തെ പാരമ്പര്യവുമായി ഇന്നും മിഠായി തെരുവിൽ തലയെടുപ്പോടെ നിൽക്കുന്ന ശങ്കരൻ ബേക്കറി. സ്നേഹത്തിന്റെയും മധുരത്തിന്റെയും സ്വന്തം സാമൂതിരിയുടെ നാട്ടിൽ, 1922 ലാണ് ശങ്കരേട്ടൻ ഹൽവയുടെ മധുരം വിളമ്പിയത്. അന്നുതൊട്ടിന്നുവരെ ശങ്കരനിലെ ഹൽവ കഴിക്കാതെ കോഴിക്കോട്ടുനിന്ന് ആരും തിരിച്ചു വണ്ടികയറിയിട്ടില്ല. ശങ്കരേട്ടന്റെ ഉറ്റ സുഹൃത്ത് മോയീൻകുട്ടിക്കാന്റെ കൈപ്പുണ്യവും ശങ്കരേട്ടന്റെ മേൽനോട്ടവും കൂടിച്ചേർന്നപ്പോഴുണ്ടായ ‘ശങ്കരന്റെ’ പാരമ്പര്യം ഇന്നും അതേപോലെ നിലനിൽക്കുന്നു. കത്തുന്ന വിറകടുപ്പിനുമേൽ ഈയം പൂശിയ ചെമ്പു വച്ച് പാകം ചെയ്തെടുക്കുന്നത് പാരമ്പര്യ രീതികളിൽ തന്നെയാണ്. ടെക്നോളജി പലതും വന്നിട്ടും ശങ്കരേട്ടന്റെ രീതി തന്നെയാണ് ഇന്നും അവർ ശീലിച്ചുപോരുന്നത്. അതിൽ മായവുമില്ല, മന്ത്രവുമില്ല, ശങ്കരൻ ബേക്കറിയുടെ സ്നേഹം കൂടി ചേരുമ്പോൾ ഉണ്ടാവുന്ന മധുരം മാത്രം. കറുപ്പും മഞ്ഞയും ചുവപ്പും പച്ചയും മാത്രം കണ്ടുശീലിച്ച കോഴിക്കോടൻ ഹൽവയ്ക്കു, ഹൽവ പ്രേമികൾക്ക് പല രുചികളിൽ, പല നിറങ്ങളിൽ ശങ്കരൻ ബേക്കറി ഹൽവ വിളമ്പി കൊടുക്കുന്നു. അതുകൊണ്ടുതന്നെ ഒരുപാടു വർഷങ്ങൾക്കു ശേഷവും മുൻ ഹൈ കോടതി ജഡ്ജി വസന്ത് സർ കഴിഞ്ഞയാഴ്ച പരിചയം പുതുക്കി ശങ്കരൻ ബേക്കറി തേടിവന്നത് മറക്കാൻ പറ്റാത്ത അനുഭവമായി അവർ പറയുന്നു. പച്ചമുളക് കറിയിൽ ഇട്ടാൽ പോലും കഴിക്കാത്ത നമ്മൾ പച്ചമുളക് ഹൽവ കഴിക്കാൻ ശങ്കരൻ ബേക്കറി തിരഞ്ഞെത്തുന്നു. പച്ചമുളക് ഹിറ്റായതോടെ Flax seed, ഇഞ്ചി, അത്തിപ്പഴം, എള്ള് അങ്ങനെ ഓരോന്നും വന്നു, ഇതെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാക്കിക്കൊണ്ടു കൊണ്ട് ശങ്കരൻ ബേക്കറി കോഴിക്കോട്ടെ ബേക്കറിവിപണി കീഴടക്കികൊണ്ടേയിരിക്കുന്നു.ഇന്ന് ശങ്കരൻ ബേക്കറി നാൽപ്പതിൽ പരം ഹൽവകൾ കോഴിക്കോടിന് പരിചയപ്പെടുത്തിക്കഴിഞ്ഞു. ബേക്കറിയുടെ മേൽനോട്ടവും അടുക്കളഭരണവും തായ് വഴികളിലൂടെ തന്നെ സഞ്ചരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടുത്തെ ഇന്നത്തെ അമരക്കാരൻ ശങ്കരേട്ടന്റെ മൂന്നാം തലമുറയിൽപ്പെട്ട റിഷിൽ കടപ്പമണ്ണിൽ ആണെങ്കിൽ, നേരത്തെ പറഞ്ഞ മൊയ്ദീൻക്കയുടെ കൊച്ചുമകൻ അസ്ലം ആണ് കലവറയുടെ കാര്യക്കാരൻ. ഇത് കൂട്ടായ്മയുടെ വിജയമാണ്. മായം ചേർക്കാത്ത, വിറകടുപ്പിൽ വെന്ത് പാകമാവുന്ന, നാവിൽ വച്ചാൽ വയറിലേക്ക് മാത്രമല്ല മനസ്സിലേക്കും അലിഞ്ഞുചേരുന്ന ഹൽവയുണ്ടാക്കാൻ ശങ്കരൻ ബേക്കറിക്ക് മാത്രമേ കഴിയൂ. ഹൽവകളിൽ അവർ പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അവരുടെ ചില്ലുകൂട്ടിൽ നിറങ്ങൾകൊണ്ട് മായാജാലം തീർക്കാൻ വരുന്ന പുതിയ തരം ഹൽവകളെ ഇനിയും കാണാം. അഞ്ചു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് മിഠായി തെരുവിന്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്വീറ്റ് നിർമാണവും തെരുവിൽ ഷോപ്പുകൾ സ്ഥാപിക്കാനും ഭരണാധികാരി ഗവർണറോട് അഭ്യർത്ഥിച്ചതിൽ നിന്നാണ് ഈ തെരുവിന്റെ ജനനം. പിന്നീട് സ്വീറ്റ്സും ഹൽവയും നിറഞ്ഞ തെരുവ് Sweetmeat Street അഥവാ SM Street എന്നായി മാറി.പിൽക്കാലത്ത് സ്വീറ്റ്സിനു പുറമേ മറ്റു പല കച്ചവടങ്ങൾ വന്നുവെങ്കിലും മിഠായിത്തെരുവിന്റെ മധുരവും പാരമ്പര്യവും ഇന്നും നിലനിർത്തുന്നതിൽ ശങ്കരൻ ബേക്കറിയുടെ പങ്ക് വലുതാണ്. എന്നിട്ടും എന്തുകൊണ്ട് ശങ്കരൻ ബേക്കറിയ്ക്ക് മറ്റു ബ്രാഞ്ചുകൾ ഇല്ല? എന്ന ചോദ്യത്തിനുമുന്നിൽ ശങ്കരേട്ടൻ നല്കികൊണ്ടിരുന്ന അതേ മറുപടി അവരും ആവർത്തിച്ചു. “നമ്മളെ തേടി വരുന്നവർ നമ്മളെ തന്നെ തേടി വരും “.