Oru Kozhikoden Coffee Tale

By

Linsha, Mufeeda Moosakutty, Faheema.V, Muhsina Sherin AVT.

നെഞ്ചു വിരിച്ചു കോഴിക്കോടിന്റെ സ്വന്തം മുട്ടായിത്തെരുവിലേക്കു നോക്കി നിൽക്കുന്ന എസ് കെ പൊറ്റക്കാടിന് ഒരു സലാം പറഞ്ഞു അവിടത്തെ പുതിയ കാഴ്ചകളൊക്കെ കണ്ട് അങ്ങനെ നടന്ന് നടന്ന് രാധ തിയേറ്ററിന്റെ അടുത്ത് എത്തുമ്പോൾ ഒരു മണം വരും .നമ്മൾ പോലും അറിയാതെ നമ്മളെ പിടിച്ച നിർത്തുന്ന ഒരു ഉശിരുള്ള, ഉന്മേഷമുള്ള ഒരു കാപ്പി മണം, സ്വാഭാവികമായും നമ്മൾ കരുതുക രാധയുടെ സൈഡിൽ ഉള്ള ആര്യ ഭവനിൽ നിന്നാണ് അതെന്ന് , എന്നാ അവിടുന്നല്ല കുറച്ചു കൂടി മുന്നോട് നടക്കുമ്പോൾ എവിടുന്നാ ഈ മണം വരുന്നേ എന്ന പിടി കിട്ടും, മുട്ടായി തെരുവിലെ സന്ദർശകർക്ക് ഈ കാപ്പിമണം പരിചിതമായിട്ട് നൂറിൽ അധികം വർഷങ്ങളായി. ആ ഉശിരൻ മണത്തിന്റെ പേരാണ് സ്വാമി ആൻഡ് സൺസ്. കൃത്യമായി പറഞ്ഞാൽ 127 കൊല്ലമായി ഇവർ ഈ മുട്ടായി തെരുവിലുണ്ട് .കാര്യമായ മിനുക്കുപണികളോ മാടിവിളിക്കലോ ഇല്ലാതിരുന്നിട്ടും ആ കടയിലേക്ക് ആളുകളെത്തുന്നത് ഈ മണം കൊണ്ടാണ്. ആകെ മൊത്തം കട ഒരു വിൻറ്റെജ് ലുക്കിലാണ് ഇപ്പോഴും. പഴയ സ്റ്റൈലിൽ ഉള്ള സൈൻ ബോർഡും ഇന്ററിയറും ഒക്കെയായി നിൽക്കുന്ന മുട്ടായിത്തെരുവിന്റെ കാപ്പി കാരണവർ. കാപ്പിക്കുരു ഇട്ടു വെച്ച ചില്ലുകൂടിന്റെ പിറകിലായി ഈ തലമുറയിലെ ഉടമസ്ഥരായ സി എസ് നടരാജ അയ്യരെയും ഭാര്യയെയും കാണാം .ഇവർക്ക് പിറകിലായി ചുമരിൽ തൂക്കിയ ഗാന്ധിയുടെ വലിയ പടം കണ്ടപ്പോൾ തന്നെ മനസ്സിലായി ആൾ ഒരു തികഞ്ഞ ഗാന്ധി സ്‌നേഹി ആണെന്ന്, പിന്നീടുള്ള അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും ഉടുത്തിരിക്കുന്ന ഖദർ വസ്ത്രത്തിൽ നിന്നും കാര്യം ഉറപ്പിച്ചു. കോഴിക്കോട്ടുകാർക് കാപ്പി വ്യവസായത്തെ കുറിച്ച് അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഈ സ്ഥാപനം തുടങ്ങുന്നത്. കടയുടെ കഥയെ കുറിച് അറിയാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ ചെന്ന ഞങ്ങളെക്കാൾ ഉത്സാഹത്തോടെയാണ് മൂന്നു തലമുറയുടെ കഥകൾ അവർ പറഞ്ഞത് .ഇതേ ഉത്സാഹം തന്നെയാണ് 55 വർഷങ്ങൾക്ക് മുമ്പ് തന്റെ ബാങ്ക് ജോലി ഉപേക്ഷിച്ചു പിതാവായ സ്വാമിനാഥ് അയ്യരോടൊത്തു കാപ്പി വ്യവസായത്തിലേക്ക് വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. 127 വർഷം മുമ്പ് ഈ കട തുടങ്ങുമ്പോൾ മുട്ടായി തെരുവിന്റെ പേര് ഇതായിരുന്നില്ല .സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന പേരിലുണ്ടായിരുന്ന ഇവിടം പിന്നീട് ബ്രിട്ടീഷ്കാരുടെ കാലത്ത് അവരിവിടെ കോടതി സ്ഥാപിച്ചപ്പോൾ ഹുസൂർ കച്ചേരി എന്നും മുട്ടായിത്തെരുവിന്റെ നടപ്പാത ഹുസൂർ റോഡ് എന്നും ആക്കി മാറ്റി .പിൽക്കാലത്ത് അത് മിട്ടായി തെരുവിലേക്കും ഇന്ന് കാണുന്ന ഫ്രീക് പേരുള്ള എസ് എം സ്ട്രീറ്റിലേക്കും മാറി, അപ്പോഴും മുട്ടായിത്തെരുവിന്റെ ഭാഗമായി പ്രൗഢിയും പ്രതാപവും നഷ്ടപ്പെടാതെ സ്വാമി ആൻഡ് സൺസ് ഈ മാറ്റങ്ങൾക്കൊപ്പമുണ്ടായിരുന്നു .1893 -ൽ ബ്രിട്ടീഷ് ഗവൺമെന്റ് ലൈസെൻസോടു കൂടിയാണ് കോഴിക്കോട്ടെ തിരുവണ്ണൂരുകാരനായ സി എൻ ലക്ഷ്മണ അയ്യർ സ്വാമി ആൻഡ് സൺസ് എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങുന്നത് .ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ലൈസെൻസിനോടൊപ്പം തൻറെ വരും തലമുറക്ക് ലക്ഷ്മണ അയ്യർ കൈമാറിയത് സ്വാമി ആൻഡ് സൺസിലെ കാപ്പിപ്പൊടിയുടെ സ്വാദിലും ഗുണമേന്മയിലും അദ്ദേഹം നിലനിർത്തിയിരുന്ന കണിശതയാണ് . സ്വാമി ആൻഡ് സൺസിന്റെ ഏത് തലമുറയിലുള്ള ഉടമകളായാലും മേന്മയും സ്വാദും നിലനിർത്താൻ പരിശ്രമിച്ചവരാണ്.ഇക്കാരണത്താൽ മലബാറിലെ മറ്റു പല ജില്ലയിലെയും ആളുകൾ കാപ്പി ക്കുരു വറുത്തു പൊടിക്കാൻ ഇവരെ സമീപിക്കാറുണ്ട് . നീലഗിരികുന്നിൽ നിന്നുള്ള ഗുണമേന്മയേറിയ കാപ്പി കുരു ലേലത്തിൽ ശേഖരിച്ചു ശ്രദ്ധയോടെ വറുത്തു പൊടിച്ചാണ് സ്വാമി ആൻഡ് സൺസ് വിതരണം ചെയ്യുന്നത് .വിലയുടെ കാര്യത്തിലും സ്വാമി ആൻഡ് സൺസ് ജനകീയമാണ്. 110 ഗ്രാം കോഫി പൗഡറിന് 50 രൂപയാണ് വില. പുതിയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മാറ്റങ്ങളിൽ സാധാരണ കാപ്പി പൊടിക്ക് പുറമെ ക്യാപിച്ചിനൊക്കും അറബ് കാവക്കും വേണ്ടിയുള്ള സ്പെഷ്യൽ കോഫീ ബീൻസും ഇവിടെ വിൽക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്തു കോഴിക്കോട് ബീച്ചിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇസ്രായേല്കാരിയായ ഒരു ഡോക്ടർ, സ്വാമി ആൻഡ് സൺസിന്റെ സ്ഥിരം കസ്റ്റമറായിരുന്നു . പിന്നീട് ജോലി നിർത്തി നാട്ടിലേക്ക് മടങ്ങിയ അവർ മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷം തന്റെ പേരക്കുട്ടിയുമൊത്തു ഇതേ കടയിൽ വന്നത് ഒരു കാപ്പികുടിച്ച ഉന്മേഷത്തോടെയാണ് പങ്കുവെച്ചത് .അതുപോലെ തന്നെ നിരവധി വിദേശികൾ അവരുടെ പേരകുട്ടികളോട് ഈ കടയുടെ വിശേഷം പങ്കുവെച്ചതിന്റെ അറിവിൽ ഇവരെ തേടി എത്തുന്ന കഥകൾ ഒരുപാടുണ്ട് .കടൽ കടന്നു പോയ കോഴിക്കോടിന്റെ ഈ കാപ്പി മണം അത്രക്കും ഉഷാറാണ് . കോഴിക്കോട്ടെ ഒട്ടുമിക്ക ഹോട്ടലുകളിലെയും ചൂടുള്ള ഫിൽറ്റർ കോഫികളുടെ രഹസ്യം സ്വാമി ആൻഡ് സൺസിലെ കാപ്പിപൊടിയാണ്. മാത്രമല്ല തലമുറകളായി ഒരുപാട് സ്ഥിരം കസ്റ്റമേഴ്‌സ് ഇവർക്കുണ്ട്. സ്വാമി ആൻഡ് സൺ സിന്റെ ഈ വിശേഷങ്ങൾ ഇവിടെ അവസാനിക്കില്ല, തലമുറകളിലൂടെ ഈ ഗുണമേന്മയും സ്നേഹവും കൈമാറികൊണ്ടേയിരിക്കും.