A Kozhikoden Veg Story

By

Deepika Chandran, Shibila Fathima, Arya Veerendra.

തൂശനില വിരിച്ചുവെച്ച് തുംബപ്പൂ ചോറുവിളംബി, ആശിച്ച കറിയെല്ലാം നിരത്തിവെച്ചു… എന്ന് കേൾക്കുമ്പോൾ ഒരസ്സൽ സദ്യ കിട്ടിയിരുന്നെങ്കിൽ എന്ന് ആരും ചിന്തിക്കില്ലേ ? കോഴിക്കോട്ടുകാർക് പക്ഷെ അധികം ചിന്തിച്ചു നിൽക്കേണ്ട കാര്യമില്ല.നല്ല ലക്ഷണമൊത്ത സദ്യ കഴിക്കാൻ കോഴിക്കോട്ടുകാർക്ക് ഒരു സ്ഥലം ഉണ്ട്, ആ മുത്തശ്ശികൈപുണ്യം കോഴിക്കോട്ടുകാർ കൈപിടിയിലാക്കിയിട്ട് 101 ഓളം വർഷങ്ങളായി.അതാണ് ആര്യഭവൻ പാരമ്പര്യവും പൈതൃകവും രുചിയും ഒന്നിച്ചു ചേർന്ന വെജിറ്റേറിയൻ ഹോട്ടൽ, കോഴിക്കോട്ടെ പ്രസിദ്ധമായ സിനിമ തീയറ്ററുകളിലൊന്നായ രാധയുടെ കോംബൗണ്ടിൽ നിൽക്കുന്ന ഈ ഭക്ഷണശാല രുചിരസങ്ങളിലൂടെ കോഴിക്കോട്ടുകാരുടെ ഹൃദയത്തിൽ കടന്നുകൂടിയിട്ട് ഇത്ര വർഷമായോ എന്ന് ആരും അതിശയിക്കും. കോളിയോട്ട് ഇന്പച്ഛൻ എന്ന വ്യക്തിയാണ് 1918-ൽ ഈ സ്ഥാപനം ആരംഭിക്കുന്നത്. പണ്ട് ചക്കിൽ എണ്ണയാട്ടുന്ന വ്യവസായം സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു ഇപ്പോൾ ആര്യഭവൻ നിൽക്കുന്ന കെട്ടിടം, എണ്ണവ്യവസായം നിർത്തി അവിടെ ഒരു നാടകശാല നിർമ്മിക്കണമെന്ന് ചിന്തിച്ചിരുന്നുവെങ്കിലും ആര്യഭവനാണ് നറുക്കുവീണത് എന്നാണ് കേട്ടറിവ്. പാക്കും, കട്ടയും, കുമ്മായവും, ഓടുമൊക്കെ ഉപയോഗിച്ചുള്ള കേരളീയ നിർമ്മിതി ഇന്നും ഒരു മാറ്റവുമില്ലാതെ ആര്യഭവൻ റെസിഡെൻസിയിൽ കാണാം, കോഴിക്കോട്ടെത്തുന്ന സന്ദർശകർക്ക് പ്രസിദ്ധമായ മുട്ടായിത്തെരുവിന്റെ ഹൃദയഭാഗത്തായി നല്ല രുചികരമായ വെജിറ്റേറിയൻ ഭക്ഷണവും കഴിച്ചു പഴയകാല കോഴിക്കോടിന്റെ നൊസ്റ്റാൾജിയയും നുകർന്ന് ആര്യഭവനിൽ താമസിക്കാം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഇരുപതോളം അടി നീളമുള്ള വാട്ടർടാങ്കും, വലിയ വിറകടുപ്പും കെട്ടിടത്തിന്റെ പൗരാണികതയും ഈ ആധുനിക ലോകത്തും പഴമയെ ചേർത്തുപിടിക്കാനുള്ള ആര്യഭവന്റെ മനസ്സ് വിളിച്ചോതുന്നു.

വ്യവസായ വാണിജ്യ പ്രവർത്തികൾക്കും മറ്റും പല ദേശക്കാരും എത്തിച്ചേർന്ന നാടാണ് കോഴിക്കോട്, അന്ന് വന്നു നിലയുറപ്പിച്ച നിരവധി സമൂഹങ്ങൾ ഇന്നും ഇവിടെ തന്നെ ഉണ്ട്. അവരിൽ പ്രധാനികൾ ആണ് ഗുജറാത്തികൾ, പൊതുവെ വെജിറ്റേറിയൻസ് ആയ അവരുടെ സ്‌ഥിരം സന്ദർശനയിടമായിരുന്ന ആര്യഭവൻ അവരുടെ നിരവധി കല്യാണങ്ങൾക്കും, കുടുംബസംഗമങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഗുജറാത്തികളുടെ അഭിരുചിക്കനുസരിച്ചായിരിക്കാം ആര്യഭവൻ വെജിറ്റേറിയൻ ആയിത്തുടങ്ങിയത്. ചില്ലിപൊറോട്ട, പനീർ പൊള്ളിച്ചത്, മഷ്‌റൂം വരട്ടിയത്, സ്പെഷ്യൽ ചായ (ഡാൻസിങ് ടീ), ഗുലാബ് ജാമുൻ, ഇലയട എന്നിവ ആര്യഭവന്റെ ഹിറ്റ് പരീക്ഷണങ്ങളാണ്. മൂന്നുനാലു പ്ലേറ്റിന്റെ നീളമുള്ള ആര്യഭവന്റെ സ്പെഷ്യൽ ഐറ്റം പേപ്പർദോശ, സ്പോട് ന്യൂസ് ഫോട്ടോഗ്രാഫിയിൽ പുലിറ്‌സർ പ്രൈസ് ജേതാവായ നിക്ക് ഉട്ടിന്റെ വരെ കയ്യടി കിട്ടിയ ഇന്റർനാഷണൽ താരമാണ്. ബിസിനസ് മീറ്റിംഗുകൾക്ക് വിദേശത്ത് പോയി അവിടെ വരെ ഫാൻസുണ്ടാക്കിയ ആര്യഭവന്റെ ഇലയടയും കേമന്മാരുടെ ലിസ്റ്റിലുണ്ട്. മില്ലേനിയൻസിന്റെ മാറി വരുന്ന താല്പര്യങ്ങൾക്കായി ചൈനീസ് വിഭവങ്ങളും നോർത്ത് ഇന്ത്യൻ വിഭവങ്ങളായ പാനിപുരി, ബെൽപുരി, ചാട്ട്, ഗുജറാത്തി സമൂസ, ഗുലാബ് ജാമൂൻ എന്നിവ ലഭ്യമാണ്. തൈര് വട, കേസരി പോലുള്ള തമിഴ് വിഭവങ്ങളും ആര്യഭവനിൽ പരീക്ഷിക്കുന്നുണ്ട്. ചൂട് ചോറിന്റെ കൂടെ അവിയലും, തോരനും, ഓലനും, പച്ചടിയും, സാന്പാറും കൂട്ടുകറിയും കൂട്ടി, പപ്പടം പൊടിച്ചു ഒരു പിടിപ്പിച്ചാൽ പിന്നെ പായസം കുടിച്ചു കഴിയുന്നവരെ ചുറ്റുമുള്ളതൊന്നും കാണില്ല. ഇനി സദ്യ കഴിഞ് കാശിന്റെ കാര്യം ആലോചിച്ചു ആര്യഭവനിലെത്തുന്നവർ ടെൻഷനടിക്കുകയും വേണ്ട. അൺലിമിലിറ്റഡ് സദ്യയ്‌ക്ക് വെറും 50 രൂപ മാത്രം. സാധാരണക്കാരും സന്പന്നരും ഒരുമിച്ച് ബെഞ്ചിലിരുന്ന പാരന്പര്യം ഇന്നും സൂക്ഷിക്കുന്ന ആര്യഭവനിൽ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച് എയർ കണ്ടീഷൻ സെക്ഷനും തുറന്നിട്ടുണ്ട്. പരിചയസന്പന്നരായ പാചകക്കാരാണ് ആര്യഭവന്റെ എക്കാലത്തെയും കൈമുതൽ. 18-വർഷത്തിന് മുകളിൽ വംശഭേദമന്യേ പ്രവർത്തിക്കുന്ന മലയാളി, ബംഗാളി, തമിഴ്, പാചകക്കാരാണ് ആര്യഭവനെ രുചിഭവനാക്കുന്നത്. കോളിയോട്ട് ഇന്പച്ചനുശേഷം മക്കളായ കൃഷ്ണദാസും, ദേവദാസിന്റെ മക്കളായ വികേഷ്, രൂപേഷ്, റെനിത്‌, വിജിത് എന്നിവരാണ് നോക്കിനടത്തുന്നത്. പഴമ നിലനിർത്തിക്കൊണ്ടു തന്നെ കെട്ടിടത്തിൽ കൊണ്ടുവന്ന ചെറിയ മാറ്റങ്ങളും, ഭക്ഷണങ്ങളിലെ പരീക്ഷണങ്ങളും, വൈക്കം മുഹമ്മദ് ബഷീർ റോഡിലും മാവൂർ റോഡിലും തുടങ്ങിയ പുതിയ ബ്രാഞ്ചുകളും ഇവരുടെ ശ്രമഫലമാണ്. മിട്ടായി തെരുവിൽ നടന്ന തീപിടിത്തത്തിൽ തീയണയ്ക്കാനെത്തിയ ഫയർഫോഴ്‌സിനും പോലീസ് സേനകൾക്കും, നാട്ടുകാർക്കും സൗജന്യ ഭക്ഷണം നൽകി മാതൃക കാണിച്ച ആര്യഭവൻ യുവി ഖാദർ, മാതൃഭൂമി മാനേജിങ് എഡിറ്റർ എം പി വിരേന്ദ്രകുമാർ എന്നിവരെ പോലെയുള്ള സാംസ്ക്കാരിക പ്രമുഖന്മാരുടെ നിത്യ സന്ദർശന കേന്ദ്രമായിരുന്നു. എം ടി വാസുദേവൻ നായർക്ക് ലഡു പരിചയപ്പെടുത്തിയ ആര്യഭവൻ ഇന്നും പുത്തൻവിഭവങ്ങൾ പരിചയപ്പെടുത്തി നമ്മുടെ ഹൃദയം കൈയേറിക്കൊണ്ടിരിക്കുകയാണ്.