A Kozhikoden Hollywood Story

By

Deepika Chandran, Shibila Fathima, Arya Veerendra.

 

” മലയാളം തന്നെ നേരേ ചൊവ്വേ അറിയില്ല, അപ്പോഴാ ഇംഗ്ലീഷ്.. ” ഇംഗ്ലീഷിനെക്കുറിച്ചു പറയുമ്പോൾ സാധരണ മലയാളികൾക്കിടയിൽ ആദ്യം ചാടി വീഴുന്ന ഡയലോഗാണിത്. കളിതമാശയായി പറയുന്നതാണെങ്കിലും ഇംഗ്ലീഷിനെ ഇത്രയധികം അറിയുന്ന, ഇഷ്ട്ടപെടുന്ന നാട്ടുകാർ വേറെയില്ല. ഇംഗ്ലീഷ് പ്രേതസിനിമകൾ കണ്ട് കയ്യിലെ പോപ്കോൺ വരെ ഉറഞ്ഞുതുള്ളിയാലും ഇരിക്കുന്ന സീറ്റിൽ നിന്ന് ഇറങ്ങിയോടാതെ, മുഖം മറച്ചിരിക്കുന്ന കയ്യിലെ വിരലുകൾക്കിടയിലെ വിടവുകളിലൂടെ, മുഴുവൻ സിനിമയും കണ്ടുതീർക്കും. അത് ടിക്കറ്റിനു ചിലവാക്കിയ പണത്തിനോടുള്ള സ്‌നേഹം കൊണ്ടു മാത്രമല്ല, ഇംഗ്ലീഷ് സിനിമകൾ നൽകുന്ന പുതിയ അനുഭവങ്ങളോടും അവതരണങ്ങളോടും ഉള്ള ഇഷ്ടം കൊണ്ട് കൂടിയാണ്. അതുകൊണ്ടുതന്നെയാണ് കോഴിക്കോട്ടുകാരായ സിനിമാപ്രേമികൾക്ക് മാനാഞ്ചിറയുടെ അടുത്തായി സ്ഥിതി ചെയ്യുന്ന  ‘ക്രൗൺ ‘ തീയേറ്റർ ഒരു വികാരമാവുന്നതും.

 

99 വർഷങ്ങൾക്കു മുൻപ് ഒരു നാടക ശാലയായി തുടങ്ങിയതാണ് ‘ ക്രൗൺ’. കോഴിക്കോടുകാരൻ  ഹാജി തുടങ്ങിയ ഒരു തീയേറ്റർ, പിന്നീട് പൂതേരി കുടംബത്തിന്റേതായി മാറി. അവിടെനിന്നു അത് സ്വന്തമാക്കിയത് പാലക്കാട് വേരുകളുള്ള, ‘ക്രൗണി’ന്റെ ഇന്നത്തെ ഉടമകളായ വിനോദ് അയ്യറിന്റെയും ചേട്ടൻ  എ ആർ പ്രകാശിന്റെയും കുടുംബമാണ്. എ കെ രാധാകൃഷ്ണനും ( വിനോദ് അയ്യരുടെ പിതാവ് ) അനുജൻ എ കെ രാമമൂർത്തിയും (എ ആർ പ്രകാശിന്റെ പിതാവ് ) പൂതേരിക്കാരുടെ പക്കൽ നിന്നും  ക്രൗൺ സ്വന്തമാക്കുമ്പോൾ ചിന്തിച്ചത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്നായിരുന്നു. അങ്ങനെയാണ് കോഴിക്കോട് തീയേറ്ററുകൾ കൈവെക്കാത്ത മേഖലയായ ഹോളിവുഡ് സിനിമകൾ പ്രദർശിപ്പിക്കാം എന്ന ആശയത്തിലേക്കെത്തുന്നത്. അന്നൊക്കെ സിനിമ കളിക്കുന്നതിനു മുൻപ് അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്ള സംഗ്രഹം മലയാളത്തിൽ പോസ്റ്ററുകളായി അച്ചടിച്ച് തീയേറ്ററിനുമുന്നിലെ മതിലിൽ പതിക്കുന്നതും മാതൃഭൂമി പോലെയുള്ള സ്ഥാപനങ്ങളിലേക്ക്  എത്തിച്ചു കൊടുക്കുന്നതും ക്രൗണിന്റെ രീതിയായിരുന്നു. അക്കാലത്ത്  ക്രൗണിലെ സിനിമാസായാഹ്നങ്ങളിൽ വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച എഴുത്തുകാരൻ, എം. ടി. വാസുദേവൻനായർ ഒരു സ്ഥിരസാന്നിധ്യമായിരുന്നു. മാതൃഭൂമിയിലെ ജോലി കഴിഞ്ഞു പല വൈകുന്നേരങ്ങളിലും ക്രൗണിലെ സിനിമ കാണൽ തന്റെ കോഴിക്കോടൻ ഓർമകളിൽ ഒന്നായിരുന്നുവെന്ന് ക്രൗണിനെ കുറിച്ച് അദ്ദേഹം തന്നെ മാതൃഭൂമിയിൽ എഴുതിയ ഒരു ആർട്ടിക്കിളിൽ പറയുന്നു. കോഴിക്കോട്ടെ സാധാരണക്കാർക്കിടയിൽ ഹോളിവുഡ് സിനിമകളുടെ പ്രദർശനം ഒരു പുതിയ അനുഭവമായിരുന്നു, എന്നാൽ സിനിമയുടെ സംഗ്രഹമടങ്ങിയ പോസ്റ്ററുകൾ കാണികളെ ആകർഷിക്കുകയും,  പതിയെ ഷോകളുടെ എണ്ണം ദിനംപ്രതി കൂടിവരികയും ചെയ്തു. കോഴിക്കോട്ടെ ഹോളിവുഡ് സിനിമാസ്വാദന സംസ്കാത്തിനു ക്രൗൺ അവിടെ തുടക്കം കുറിക്കുകയായിരുന്നു.  റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാർ മുതൽ വല്യങ്ങാടിയിലെ ചുമട്ടു തൊഴിലാളികൾ വരെ ക്രൗണിലെ പ്രേക്ഷകരായിരുന്നു. ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ, ദൃശ്യങ്ങളുടെ സാന്നിധ്യം കൊണ്ടുമാത്രം സിനിമ പ്രേക്ഷകരെ സ്വാധീനിക്കുമെന്ന് അന്നേ ‘ക്രൗൺ ‘ തെളിയിച്ചു. ഇംഗ്ലീഷ് അറിയാത്തവർ പോലും സിനിമ കണ്ട ശേഷം അത് മനസിലാകാത്തവർക്ക് അതേ പോലെ തന്നെ പറഞ്ഞു കൊടുക്കുന്നത് കൗതുകത്തോടെ നോക്കി നിന്നിരുന്നു എന്ന് അന്നത്തെ അഞ്ചാം ക്ലാസുകാരനായ വിനോദ് അയ്യർ ഓർമ്മിക്കുന്നു.

 

ഇംഗ്ലീഷ് സിനിമകൾക്ക് അതിന്റെതായ രീതിയിലുള്ള പ്രദർശനം ആവശ്യമാണെന്ന ഘട്ടം വന്നപ്പോഴാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിക്കുന്നത്. അങ്ങനെ 1970 ൽ 70 mm സിനിമകൾ കൊണ്ടുവന്നു, ആദ്യത്തെ സിനിമാസ്കോപ് കൊണ്ടുവന്നു, എയർ കണ്ടീഷനിങ്‌ ചെയ്തു, ശബ്ദസജ്ജീകരണങ്ങളിലും മാറ്റങ്ങൾ കൊണ്ടുവന്നു ( Dolby Surround Sound). തൊണ്ണൂറിന്റെ അവസാനമായപ്പോഴേക്കും കാണികളിൽ മാറ്റം വന്നുതുടങ്ങിയിരുന്നു. അവർക്ക് ആക്ഷൻ സിനിമകളും സൂപ്പർ ഹീറോകളെയും മതിയെന്നായി. ശബ്ദത്തേക്കാളുപരി ദൃശ്യങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെ 2009ൽ ക്രൗണിൽ ആദ്യമായി പുതിയ ടെക്നോളജിയിലുള്ള ത്രീഡി സിനിമ അവതാർ റിലീസ് ആയി. കാലം എത്രത്തോളം പുരോഗമിച്ചെങ്കിലും, പല പുതിയ തീയേറ്ററുകൾ വന്നുവെങ്കിലും, മൾട്ടിപ്ലെക്സ് സ്‌ക്രീനുകളായി രൂപം മാറിയെങ്കിലും ‘ക്രൗണിലെ ‘ സിനിമകൾക്കും കാണികൾക്കും കുറവ് വന്നിട്ടില്ല. എല്ലാ മേഖലകളിലുള്ളവരും ക്രൗണിന്റെയും, ക്രൗണിലെ ഇംഗ്ലീഷ് സിനിമകളുടെയും ആരാധകരാണ് ഇന്നും. കാലത്തിനനുസരിച്ചു ക്രൗണിലും പല മാറ്റങ്ങൾ വന്നുവെങ്കിലും പഴമയെ കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ മാത്രമേ സ്വീകരിച്ചിട്ടുള്ളു, അതൊഴിച്ചാൽ ക്രൗൺ പഴയതു തന്നെയാണ്. ആ പഴമ ചോരാതെ നല്ല സിനിമാ അനുഭവങ്ങൾ ജനങ്ങളിലേക്കെത്തിച്ചതിന് 2005 ൽ JCI Calicut city അവാർഡ് നൽകി ക്രൗണിനെ ആദരിച്ചു.  അതുകൊണ്ടുതന്നെയാണ് തൃശ്ശൂരിൽ നിന്നും മഞ്ചേരിയിൽ നിന്നും മറ്റു പല നാടുകളിൽ നിന്നും ക്രൗണിലെ ഇംഗ്ലീഷ് സിനിമകൾ കാണാൻ ആളുകൾ വണ്ടി കയറുന്നത്. മഹാത്മാഗാന്ധിയും പഴയ കാല ഹിന്ദി നടൻ ദിലീപ് കുമാറും മുതൽ റസൂൽ പൂക്കുട്ടി വരെ നീളുന്ന മഹത് വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുള്ളതും ക്രൗണിന്റെ പെരുമ തെളിയിക്കുന്ന ചരിത്ര മുഹൂർത്തങ്ങളാണ്. ഇന്ന് ഇംഗ്ലീഷ് സിനിമകൾക്ക് പുറമേ മലയാളം സിനിമകളും തെലുഗു സിനിമകളും കൂടി പ്രദർശിപ്പിക്കുന്നുണ്ട്.  ക്രൗണിന്റെ സ്ക്രീനിനു പുറമേ തീയറ്റർ ശില്പശാലകളും വിനോദ് അയ്യർ 9 വർഷത്തോളമായി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ക്രൗണിന്റെ ആദരം ഏറ്റുവാങ്ങിയ ആർട്ടിസ്റ്റ് നമ്പൂതിരിക്കും കോഴിക്കോടിനെക്കുറിച്ചും ക്രൗണിനെക്കുറിച്ചും പറയാൻ ഏറെ ഉണ്ടായിരുന്നു. കലയെ ഇത്രത്തോളം ഇഷ്ട്ടപ്പെടുന്ന, പ്രോത്സാഹിപ്പിക്കുന്ന ഒരു ‘കുടുംബ’ പശ്ചാത്തലമാണ് ക്രൗണിന്റേത്.  ടിക്കറ്റിന്റെയും ഫുഡ് കോർട്ടിലെ സ്‌നാക്‌സുകളുടെയും വില മറ്റുള്ള തീയ്യറ്ററുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ് എന്ന് പറഞ്ഞു മുഖം ചുളുപ്പിക്കുന്നവരോട് വിനോദ് അയ്യറിനു പറയാനുള്ളത് ഇത്രമാത്രം, “എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന തുക ഈടാക്കണം എന്ന് തന്നെയാണ് ആഗ്രഹം പക്ഷെ, സ്‌ക്രീനുകൾക്കോ ഉപയോഗിക്കുന്ന മറ്റു സംവിധാനങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചാൽ ഉണ്ടായേക്കാവുന്ന നഷ്ട്ടങ്ങൾ വളരെ വലുതാണ്, കാണികൾക്കു മികച്ച ആസ്വാദന അനുഭവം നൽകാനായി ഉയർന്ന നിലവാരത്തിലുള്ള സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. അല്ലാത്ത പക്ഷം കാശുണ്ടാക്കാൻ വേണ്ടി മാത്രം നടത്തുന്ന ഒന്നല്ല ‘ക്രൗൺ’ എന്ന് ആണ് ആളിന്റെ പക്ഷം . ഇനിയും എന്തെങ്കിലും മാറ്റം വരുമോ എന്ന് ചോദിച്ചപ്പോൾ അത് ദൈവത്തിനു മാത്രമേ അറിയൂ എന്നായിരുന്നു മറുപടി . 2K സ്‌ക്രീനിൽ തെളിയുന്ന ഹോളിവുഡിന്റെ മായാജാലം കാണാൻ എത്തുന്നവരെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ എണ്ണിയാൽ തീരാത്തത്ര ക്ലാസിക് സിനിമകളെ സ്‌ക്രീനിൽ നിറച്ച, ആ മുതുമുത്തശ്ശൻ  70 mm പ്രൊജക്ടർ  ക്രൗണിന്റെ മുറ്റത്തു തലയെടുപ്പോടെ നിൽക്കുന്നത് കാണാം. വെള്ള നിറത്തിൽ പഴമയുടെ പ്രൗഢി മങ്ങാതെ തന്നെ പുതുക്കിനിലനിർത്തിയ ആ കെട്ടിടത്തിന്റെ മുകളിൽ, ഒത്ത നടുക്കായി സ്വർണ്ണ നിറത്തിൽ ഒരു പേര് കൊത്തിവച്ചിട്ടുണ്ടാവും, ‘CROWN’. അത് സൂചിപ്പിക്കുന്നത് കിരീടം എന്നാണ്, കോഴിക്കോട്ടെ  സിനിമാസ്വാദകർ ചാർത്തി കൊടുത്ത കിരീടം.